2016, മേയ് 6, വെള്ളിയാഴ്‌ച

കമ്മൂണിസ്റ്റപ്പ -ഏപ്രീൽ 2016

എഡിറ്റോറിയൽ

 

സുഹൃത്തേ,
         
          പോളിങ്ബൂത്ത് വിളിക്കുന്നു
          വോട്ട് ചെയ്യാൻ നേരമായി...

കുഞ്ഞുങ്ങൾക്ക്

ലാപ് ടോപും ടാബ് ലറ്റും സൈക്കിളും
ഒന്നും വേണമെന്നില്ല
പഠിക്കാൻ പാഠപുസ്തകമെങ്കിലും

കൊടുക്കാൻ പ്രാപ്തിയുളളവരെ
സ്വീകരിക്കുക!

          അടുക്കളയിൽ വേവുന്ന ഇറച്ചിയേതെന്ന്
          ചികഞ്ഞുനോക്കാൻ
          വടിവാളും കഠാരയുമായി
          അവർ വരാതിരിക്കാൻ...
          വിവേകത്തോടെ പ്രതികരിക്കുക!
         
          അടുക്കളയിൽ
          ഒരു നേരമെങ്കിലും
          തീ പുകയുന്നുണ്ടോയെന്ന്
          അന്വേഷിക്കുന്നവരെ
          തെരഞ്ഞെടുക്കുക;
          കഞ്ഞികുടി മുട്ടാതിരിക്കാൻ...
          വിശപ്പ് സഹിക്കവയ്യാതെ
          കുഞ്ഞുങ്ങൾ ആത്മഹത്യ
          ചെയ്യാതിരിക്കാൻ...
         
          അഴിമതിയും ആഭാസവും
          അരങ്ങുതകർക്കാതിരിക്കാൻ
          നേരിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയുക!
          നന്മയുടെ പക്ഷം പിടിക്കുക!
        

                              

വെളിച്ചത്തിനെന്തു വെളിച്ചം !   

                                                              അഷ്കർ കെ.

                                           


    വെളിച്ചം വിതറുന്ന കൂറ്റൻവിളക്കുകാലുകൾ വികസനത്തിന്റെ  വലിയ മാതൃകകളായി ഫ്ലക്സുകളിൽ ഇടംപിടിക്കുന്ന ഇക്കാലത്തും ഏറെ പ്രസക്തമായ ഒരു ചോദ്യമുണ്ട്:            
       ശരിക്കും വെളിച്ചമെത്തേണ്ടതെവിടെയാണ്..?
ഉത്തരം ലളിതമാണ്. വെളിച്ചത്തിനിന്നുവരെ എത്തിനോക്കാൻ കഴിയാത്ത ഇരുട്ടിന്റെ ഇടങ്ങളിലാണ് വിളക്കുകൾ കത്തിജ്ജ്വലിക്കേണ്ടത്.അങ്ങനെ ജ്വലിക്കുന്ന വിളക്കുകൾക്ക് ആയിരം സൂര്യന്റെ പ്രകാശമുണ്ടാകും.
          തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയപരപ്പൂരിൽ നദീനഗർ  എന്നെരു കോളനിയുണ്ട്. ഭാരതപ്പുഴയോരത്തെ പുറമ്പോക്കിൽ ഓലമേഞ്ഞ വീടുകൾ നിറഞ്ഞ പാവപ്പെട്ടവന്റെ കോളനി.അവിടെ ഇപ്പോൾ കത്തികൊണ്ടിരിക്കുന്ന വെളിച്ചത്തിന് ആയിരം സൂര്യന്റെ ശോഭയുണ്ട്. വൈദ്യുതിയുടെ ഒരു ചെറുവെട്ടം പോലുമില്ലാതെ  മൂന്ന് പതിറ്റാണ്ടിലധികം ഇരുട്ടിൽ കഴിഞ്ഞവരാണ് നദീനഗർവാസികൾ.പുഴയ്ക്ക് അക്കരെയും ഇക്കരെയുമെല്ലാമുള്ളവർ വെളിച്ചത്തിലാറാടുമ്പോഴും ഇവർ ഇരുട്ടിൽ തപ്പിതടയുകയായിരുന്നു. ചിമ്മിണിവിളക്കിന്റെ വെട്ടത്തിലിരുന്നാണ്  ഇവിടുത്തെ കുട്ടികൾ ഇക്കണ്ടകാലമത്രയും പഠിച്ചത്.
നദീനഗർ മറ്റൊരുലോകമായിരുന്നു; വെളിച്ചം നിഷേധിക്കപ്പെട്ടവരുടെ ലോകം.ഒരു നടവഴിക്കപ്പുറം വെളിച്ചത്തിന്റെ കമ്പിക്കാലുകൾ തലയെടുപ്പോടെ നിന്നിട്ടും ഇവരുടെ കിനാവുകൾ വെളിച്ചം കണ്ടില്ല. വിളിച്ചാൽ കേൾക്കാവുന്നത്ര അടുത്ത് പഞ്ചായത്ത് പ്രസിഡന്റ് താമസമുണ്ടായിരുന്നിട്ടും ഇവർക്ക് വിധിച്ചത് ഇരുട്ട് മാത്രമായിരുന്നു.പലതവണ ഈ വിഷയം പഞ്ചായത്ത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ തവനൂരിന്റെ എം.എൽ.എ ഡോ.കെ.ടി. ജലീലിനെ നാട്ടുകാർ വിവരമറിയിച്ചു.എം.എൽ.എ ഇടപെട്ടു.അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നദീനഗർകോളനി വൈദ്യുതീകരിക്കാനുളള ശ്രമം ആരംഭിച്ചു. സാങ്കേതികതയുടെ പേരുപറഞ്ഞ് അന്നത്തെ പഞ്ചായത്ത് ഭരണസമിതി പലതവണ ഉടക്കിട്ടു.ഒടുവിൽ കെ.എസ്.ഇ.ബി.യിലെ ഓഫീസർമാരുമായി എം.എൽ.എ. സംസാരിച്ചു. തടസ്സങ്ങൾ നീങ്ങി.കോളനിയിലെ 16 വീടുകളിലും വെളിച്ചമെത്തി. 2 വീടുകളുടെ വൈദ്യുതീകരണ നടപടികൾ പുരോഗമിക്കുന്നു.
നദീനഗറിലിപ്പോൾ രാത്രിയുണ്ട് ; പ്രകാശപൂരിതമായ രാത്രി.വെളിച്ചം കൊണ്ട് ഇരുട്ട് കുത്തിക്കെടുത്തിയ കെ.ടി.ജലീൽ എന്ന ജനപ്രതിനിധിയെ കുറിച്ച് പറയുമ്പോൾ കോളനിവാസികൾക്ക് നൂറുനാവാണ്.കാളൻതൊടിയിൽ അലി, പുത്തനിപറമ്പിൽ കുമാരൻ, വെങ്ങാലിപറമ്പിൽ അബൂബക്കർ, വെങ്ങാലിപറമ്പിൽ ഷമറുദ്ധീൻ, കോന്നാടൻ അബു, തെക്കേടത്ത് അബൂബക്കർ തുടങ്ങിയ കോളനിയിലെ മുഴുവൻ നിവാസികളും എം.എൽ.എ.യെ നന്ദിയോടെ സ്മരിക്കുന്നു.
            

          വികസനത്തെകുറിച്ചുളള അടിസ്ഥാനകാഴ്ചപ്പാടുകൾ മാറേണ്ടതുണ്ടെന്ന് നദീനഗർ ഓർമ്മപ്പെടുത്തുന്നു.             
               അങ്ങാടികൾ പ്രകാശപൂരിതമാകണം; അതിനുമുമ്പെ നമ്മുടെ വീടുകളിലൊക്കെയും വെളിച്ചമെത്തട്ടെ! മൂന്നുപതിറ്റാണ്ടുകാലം വെളിച്ചം നിഷേധിക്കപ്പെട്ട നദീനഗറിലെ വീടുകളിലേക്കൊന്നു നോക്കൂ ഈ രാത്രിയിൽ...
              “വെളിച്ചത്തിനെന്തു വെളിച്ചം !”

 

കൃഷിയുടെ ജൈവരാഷ്ട്രീയം

                                      മുജിബീരാഞ്ചിറ

                                                                                                                   

ബീരാ‍ഞ്ചിറ ഇടിവെട്ടിപാടത്തെ രണ്ടേക്കർ സ്ഥലത്ത് തൃപ്രങ്ങോട് പഞ്ചായത്തിന്റെ സഹകരണത്തോടെ യുഗദർശന പ്രവർത്തകരും നാട്ടുകാരും ചേർന്ന് കഴിഞ്ഞ രണ്ടുമാസമായി നടത്തുന്ന വിഷരഹിത പച്ചക്കറികൃഷി നൽകുന്ന അനുഭവപാഠം മഹത്തരമാണ്.

സംതൃപ്തിയുടേയും സന്തോഷത്തിന്റെയും ദിനങ്ങളാണ് ഇടിവെട്ടിപാടത്ത് വിളഞ്ഞത്.മതത്തിന്റെയും ജാതിയുടെയും തത്വസംഹിതകൾ വായിച്ച്, വ്യാഖ്യാനിച്ച് സമയം കളയാനാഗ്രഹിക്കാത്ത ഒരുപറ്റം മനുഷ്യർ പാടത്തേക്കിറങ്ങി.മണ്ണ് കിളച്ച് നിലമൊരുക്കി.എല്ലാവരുടെയും വിയർപ്പിന്  മണ്ണിന്റെ മണമായിരുന്നു.സന്തോഷത്തോടെ വിത്തുകൾ പാകി.ചാലുകൾ കീറി വെളളമെത്തിച്ചു.നന്ദിയോടെ ഭൂമിയിൽ നിന്നും വിത്തുകൾ മുളച്ചുപൊന്തി.ജൈവവളങ്ങൾ മാത്രം നൽകി.ചെടികൾ വലുതായി, വളളികൾ പടർന്നുപന്തലിച്ചു. തളിർത്തു...പൂത്തു...കായ്ചു... ഹൃദയം നിറഞ്ഞു!

കർഷകനായ ഹൈദ്ര്വാക്ക മണ്ണും വെളളവും നൽകി വഴികാട്ടിയായി മുന്നിൽനിന്നു.യുഗദർശന പ്രവർത്തകരായ ചെറുപ്പക്കാരും രക്ഷാധികാരികളായ മുതിർന്നവരും നാട്ടുകാരും ഒറ്റകെട്ടായി മണ്ണിലിറങ്ങി.കുടുംബശ്രീ പ്രവർത്തകർ നിലമൊരുക്കാൻ  കൂട്ടുവന്നു.അങ്ങനെ കഴിഞ്ഞ ഫെബ്രുവരി 4ന്  തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാകേന്ദ്രം ഡയറക്ടർ ഡോ.രാധാകൃഷ്ണൻ വിത്തിറക്കി ആരംഭിച്ച കൃഷിയാണ് ഒന്നരമാസം കൊണ്ട്  പച്ചപ്പ് വിരിച്ച് വിളവെടുത്ത് തുടങ്ങിയത്. ആദ്യവിളവെടുപ്പ് ഡോ.കെ.ടി.ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പടവലും പാവലും വെളളരിയും മത്തനും ചീരയും വെണ്ടയും കുമ്പളവും വൈതനയുമെല്ലാം രാസവളങ്ങളുടെ കലർപ്പില്ലാതെ ഉശിരോടെ ഉയിർത്തുനിൽക്കുന്നത് കാണുമ്പോൾ മനം നിറയുന്നു.



    ജൈവപച്ചക്കറിക്ക് നിലമൊരുക്കാൻ കൈകോട്ടെടുത്ത് പാടത്തേക്കിറങ്ങുന്നതുവരെ  ഞങ്ങളറിഞ്ഞിരുന്നില്ല കൃഷിയുടെ രാഷ്ട്രീയം. ഞങ്ങൾ അനുഭവിച്ചിരുന്നില്ല മണ്ണും മനുഷ്യനും തമ്മിലുളള ബന്ധത്തിന്റെ തീവ്രത. ലോകത്തിലെ സകലമനുഷ്യരുടെയും അടിസ്ഥാന പ്രശ്നം വിശപ്പാണ്. ഉളളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ വിശക്കുന്നവനു ഭക്ഷണം ഒരുക്കുന്നവനാണ് കർഷകൻ.അതുകൊണ്ടുതന്നെ കാർഷികവൃത്തി ഏറ്റവും മികച്ച രാഷ്ട്രീയപ്രവർത്തനമാകുന്നു. മണ്ണിലിറങ്ങിയാണ് മനുഷ്യനിലേക്കെത്തേണ്ടതെന്ന് ഈ കൂട്ടായ്മ ഞങ്ങളെ പഠിപ്പിച്ചു.മണ്ണിനെ സ്നേഹിക്കുകയെന്നാൽ മനുഷ്യനെ സ്നേഹിക്കലാണെന്ന് വികസനത്തിന്റെ പേരിൽ കൃഷിയിടങ്ങൾ മുഴുവൻ നികത്തുന്ന നമ്മുടെ ഭരണകൂടം ഇനിയെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കിൽ...

 

പ്രതിഷേധിക്കുക!
അക്ഷരങ്ങൾക്ക് തീ വെക്കുന്നവരോട്...

                                                                                                 ജനീഷ് മസാദ്

നാടിന്റെ മതനിരപേക്ഷബോധത്തിനും സാംസ്കാരികമുന്നേറ്റത്തിനും എന്നും വെളിച്ചം പകർന്നുനിന്നതാണ് തലൂക്കരയിലെ എ.കെ.ജി.ഗ്രന്ഥാലയത്തെ വർഗ്ഗീയഫാസിസ്റ്റുകളുടെ കണ്ണിലെ കരടാക്കിമാറ്റിയത്.മാനവസംസ്കാരത്തിനു എന്നും വെളിച്ചംവീശാൻ ശേഷിയുളള ആയിരക്കണക്കിനു പുസ്തകങ്ങൾ ചുട്ടെരിച്ചുകൊണ്ടാണ് ആർ.എസ്.എസ്. അവരുടെ കണ്ണിലെ കരടിനെ കുത്തിക്കെടുത്താൻ നോക്കിയത്.തങ്ങളുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രം ചെലവാകണമെങ്കിൽ ഇതുപോലുളള സാംസ്കാരികസ്ഥാപനങ്ങൾ ഇല്ലാതാവണമെന്ന ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായാണ് അവർ ഗ്രന്ഥാലയത്തെ ചുട്ടെരിച്ചത്.
          എന്നാൽ അക്ഷരവിരോധികളോടുളള പ്രധിഷേധം പതിവുരീതികൾ വിട്ട് സർഗാത്മകതലത്തിലേക്കുയർന്നു.ഫാസിസ്റ്റുകൾക്കുമുമ്പിൽ തോറ്റുകൊടുക്കാൻ തയ്യാറാവാതെ തലൂക്കര ഗ്രന്ഥാലയം ഉയിർത്തെഴുന്നേറ്റു;കേരളംകണ്ട ഏറ്റവുംവലിയ ഫാസിസ്റ്റ് വിരുദ്ധസമരമായി.നിശബ്ദസമരായുധങ്ങളായ അക്ഷരങ്ങൾക്ക് പുനർജന്മം നനൽകാൻ അക്ഷരസ്നേഹികൾ നവമാധ്യമകൂട്ടായ്മകളുണ്ടാക്കി.സാമൂഹ്യ സാംസ്കാരിക സാഹിത്യരംഗത്തുളളവർ പിന്തുണയുമായെത്തി.ഇന്ത്യക്കകത്തും പുറത്തും നിന്നും സഹായങ്ങൾ ഒഴുകി.അങ്ങനെ അക്ഷരങ്ങൾക്ക് തീവെച്ചവർക്ക് കേരളം കനത്ത താക്കീതുനൽകി.ചുട്ടെരിച്ച അയ്യായിരം പുസ്തകങ്ങൾക്ക് പകരം ഇപ്പോൾതന്നെ ഇരുപതിനായിരത്തോളം പുസ്തകങ്ങൾ തലൂക്കരയിലെത്തി.തകർത്തെറിഞ്ഞ കെട്ടിടത്തതിന്റെ നിർമ്മാണഫണ്ടിലേക്കും ലക്ഷങ്ങൾ സംഭാവനയായി വന്നുകൊണ്ടിരിക്കുന്നു.
തീയിൽ കുരുത്തത്, എത്ര തീയേറ്റാലും വാടില്ല എന്ന് സാംസകാരിക കേരളം നമ്മെ ഓർമ്മപ്പെടുത്തുന്നു

                ----------------------------------------------------------------------

രൂക്ഷമായ കുടിവെളളക്ഷാമം അനുഭവിക്കുന്ന ബീരാഞ്ചിറയിലും പരിസരങ്ങളിലും ഒരുമാസമായി കുടിവെളളവിതരണം ചെയ്യുന്ന യുഗദർശന പ്രവർത്തകർ

           -------------------------------------------------------------------------------------


ഈ ലക്കം സ്പോൺസർ ചെയ്തിരിക്കുന്നു....