2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

കമ്മൂണിസ്റ്റപ്പ കുടിവെള്ളപ്പതിപ്പ്- ഏപ്രീൽ 2017

jh.jpg

                      
                കമ്മൂണിസ്റ്റപ്പ  ലഘുമാസിക
           വേരറ്റുപോകാത്ത നാട്ടുപച്ച              -ഏപ്രീൽ 2017
 
                      
            


                               

                                     സമർപ്പണം


കിണറുവറ്റിക്കുന്ന വേനലിന്റെ കാഠിന്യത്തെ ചെറുക്കാൻ വായനശാലയുടെയും യുഗദർശനയുടെയും പ്രവർത്തകർ കുടിവെള്ളവിതരണവുമായി ഇക്കൊല്ലവും നാട്ടുകാർക്കിടയിലുണ്ട്.  ഏപ്രീൽ 1ന് ആരംഭിച്ച ജലവിതരണം ഒരുമാസം തികയുകയാണ്. എല്ലാവർഷവും കുടിവെള്ള വിതരണത്തിന്റെ മുൻപന്തിയിൽ നിന്നിരുന്ന  പ്രിയചങ്ങാതി ഫാറൂഖ്, ഈ മാർച്ച് അവസാനത്തിൽ വേനലിന്റെ തീക്ഷ്ണത കണ്ട് നമുക്ക് വെള്ളം കൊടുത്തുതുടങ്ങാൻ സമയമായിട്ടോ..എന്നോർമ്മിപ്പിച്ച് ഈ ഭൂമിയോടുതന്നെ യാത്ര പറഞ്ഞുപോയി. വായനശാലയുടെയും യുഗദർശനയുടെയും എല്ലാ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കും നേതൃത്വനിരയിലുണ്ടായിരുന്ന പ്രിയസോദരന്റെ വിയോഗം ഒരുദേശത്തെ തന്നെ കണ്ണീരിലാഴ്ത്തി. ഫാറൂക്കിന്നുള്ള സ്നേഹാദരമാണ് ഇത്തവണത്തെ കുടിവെള്ളവിതരണം. ജീവജലത്തിന്റെ പ്രാധാന്യത്തെ മുൻനിർത്തിയുള്ള  കമ്മൂണിസ്റ്റപ്പയുടെ ഈ കുടിവെള്ളപ്പതിപ്പ് ഫാറൂഖിന്റെ ഒരിക്കലും മായാത്ത നിറഞ്ഞചിരിക്ക് മുന്നിൽ സമർപ്പിക്കുന്നു...






നന്മയുടെ ഉറവിടം നമ്മളിൽ വറ്റി വരളുന്നത്‌ നാം അറിയുന്നുണ്ടോ..?                                                                    
                                           - മുസ്ഥഫ പൂളക്കൽ
മുന്‍തലമുറകൾ നൂറ്റാണ്ടുകളായി നമുക്ക് കൈമാറിയ പ്രകൃതി സമ്പത്തിൽ അടുത്ത തലമുറക്കായ് നല്‍കാൻ ഇനി ശേഷിക്കുന്നത് എന്താണെന്ന് നമ്മൾ ഓരോരുത്തരും അറിയേണ്ടതുണ്ട്,  ചിന്തിക്കേണ്ടതുണ്ട്. ഭൂമിയില്‍ മാത്രമേ ജീവജാലങ്ങള്‍ക്ക് ജീവൻ നിലനിര്‍ത്താൻ അനുയോജ്യമായ ആവാസവ്യവസ്ഥ യുള്ളൂ എന്നുനാം ആദ്യം തിരിച്ചറിയണം, അതിന്റെ പ്രധാനകാരണം വായുവും വെള്ളവും തന്നെ. എന്നാല്‍ ജീവന്റെ അടിസ്ഥാനഘടകമായ ഇവ രണ്ടും നമുക്ക് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇനിവരുന്ന തലമുറ ആവശ്യമായ ശുദ്ധവായു നിറച്ച സിലിണ്ടറുകൾ ചുമന്ന്, മാസ്കിലൂടെ ശ്വസിച്ച് ജീവൻ നിലനിര്‍ത്തേണ്ടിവരുമെന്ന് ഭയപ്പെടുന്നു. അത്രമാത്രം മലിനമായിക്കൊണ്ടിരിക്കുന്നു ജീവവായു.


അതിലും ഭീകരമായ ഒരു വിപത്ത് നാം വരുംവര്‍ഷങ്ങളിൽ നേരിടേണ്ടി വരുന്നത് വെള്ളത്തിന്റെ കാര്യത്തിലാണെന്ന് പറയാതെ വയ്യ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നമ്മൾ അത് അനുഭവിച്ചുവരുന്നു. വരുംവര്‍ഷങ്ങൾ അത് നമ്മെ കൂടുതൽ പിടിമുറുക്കാൻ പോകുന്നു. ഇനിയെങ്കിലും നമ്മള്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കിൽ വലിയ പാഠങ്ങൾ നാം പഠിക്കേണ്ടിവരും. പരിമിതമായിട്ടും ഉള്ള ജലസമ്പത്ത് നമ്മള്‍ ഇന്നും ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ശുചിത്വത്തിന്റെ പേരില്‍ മേനിപറഞ്ഞു നമ്മൾ മലയാളികളാണ് ഇതിനു മുന്‍പന്തിയിൽ. കുളിമുറികളില്‍ ആവശ്യത്തിൽ എത്രയോ ഇരട്ടി വെള്ളം നാം  പാഴാക്കിക്കളയുന്നു, വസ്ത്രം അലക്കുന്നിടത്ത് എത്രമാത്രം വെള്ളം ഒഴുക്കിക്കളയുന്നു. ഓരോ തവണയും അകത്തെ ശുചിമുറിയില്‍ മൂത്രമൊഴിച്ച് ഫ്ലഷ് ടാങ്കിന്റെ ലിവറിൽ പ്രസ് ചെയ്യുമ്പോൾ പാഴാകുന്ന ജലത്തിന്റെ അളവ് നമ്മൾ നോക്കാറില്ല. ഒന്ന് മുഖംകഴുകാൻ, കൈ കഴുകാൻ നമുക്ക് കൂടിവന്നാൽ അരലിറ്റർ വെള്ളംമതി. കാലത്തെ പല്ലുതേപ്പിന് കൂടിയാൽ ഒരുലിറ്റർ വെള്ളം മതിയാവും. എന്നാല്‍ തുറന്നുവിട്ട ടാപ്പിനു മുന്നിലാണ് നമ്മൾ പല്ലുതേപ്പ് തുടങ്ങുന്നതുതന്നെ. ഏകദേശം 20 ലിറ്ററിൽ കൂടുതൽ വെള്ളം നാം പാഴാക്കിക്കളയുന്നു, ഒരു കോപ്പയില്‍ എടുത്താൽ എത്രമാത്രം വെള്ളമാണ് നമുക്ക് ലാഭിക്കാന്‍ കഴിയുന്നത്‌. ഇങ്ങിനെ സ്വയം ചിന്തിച്ചാല്‍ മനസ്സിലാകും എത്ര വെള്ളം അനുദിനം നമ്മൾ പാഴാക്കുന്നുവെന്ന്.
വേനല്‍കാലത്തെങ്കിലും കിണറ്റി ലേക്കിറക്കിയ ആഴ ത്തിലുള്ള മോട്ടോറി നും വീട്ടിനുമുകളിൽ കെട്ടിപ്പൊക്കിയ വാട്ടർ ടാങ്കിനും അവധി കൊടുത്ത് ബക്കറ്റും കയറും കപ്പിയും ഉപയോഗിച്ച് നോക്കൂ. ജലത്തിന്റെ അമിതവ്യയം ഒരു പാട് നിങ്ങള്‍ക്ക് കുറയ്ക്കാനാവും. അതുവഴി കൈകള്‍ക്ക് ആയാസം ലഭിക്കും; വൈദ്യുതി ചാര്‍ജു്  കുറഞ്ഞുകിട്ടും. തന്നെയുമല്ല വെളിച്ചവും വായുവും കലര്‍ന്ന ശുദ്ധജലം ഉപയോഗിക്കാനുമാവും.
അമ്മമാരിൽ നിന്നാണ് കുഞ്ഞുങ്ങൾ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. അതുകൊണ്ട് വീട്ടില്‍ നിന്നാവട്ടെ കുഞ്ഞുങ്ങള്‍ക്ക് ഈ അറിവുകൾ. മാതാപിതാക്കളാണ് കുട്ടിക്ക് ആദ്യത്തെ വിദ്യാലയം. അധ്യാപകർ വിദ്യാർത്ഥികള്‍ക്ക് വെള്ള ത്തിന്റെ മൂല്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കണം, സിലബസ്സിലില്ലെങ്കിലും അത് ധര്‍മ്മമാണെന്നു അറിയുക. കുട്ടികളില്‍ നിന്നുതന്നെയാണ് എല്ലാ തുടക്കവും.
വെള്ളം പാഴായിപ്പോകുന്ന എല്ലാമാര്‍ഗങ്ങളും കണ്ടെത്തുക. എല്ലായിടത്തും ഉപയോഗത്തില്‍ മിതത്വം പാലിക്കുക.വാഹനങ്ങള്‍ കഴുകുന്നതിന് ഹോസ് പൈപ്പ് ഒഴിവാക്കി വെള്ളത്തിൽ മുക്കിയെടുത്ത തുണി ഉപയോഗിക്കുക.
പുഴകളും തോടുകളും കായലുകളും വറ്റിവരളുന്നു, ശേഷിക്കുന്ന നീരുറവകൾ മാലിന്ന്യങ്ങൾ നിക്ഷേപിച്ചു നമ്മൾ മലിനവുമാക്കി. വനങ്ങളും വൻമരങ്ങളും കോടാലിയുടെ താഡനമേറ്റ് ഇല്ലാതായതോടെ മഴമേഖങ്ങളും നമ്മെ കൈവെടിയുന്നു. അമ്പതു വർഷം പിന്നിടുമ്പോൾ നമ്മുടെ അതിർത്തി ജില്ലയായ പാലക്കാട് മരുഭൂമിക്കു സമമാകുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. അതിന്റെ ശേഷിപ്പ് നമ്മെ പിടികൂടാൻ ഏറെക്കാലം വേണ്ടിവരില്ല.
മഴവെള്ളം ഒഴുക്കി പാഴാക്കാതെ കുഴികളെടുത്ത് ഭൂമിക്ക് അടിയിലേക്ക് തന്നെ ഒഴുക്കിവിടുക. കഴിയാവുന്നത്ര മരങ്ങള്‍ വച്ച്പിടിപ്പിക്കുക. പഴയകുളങ്ങളും വെള്ളം കെട്ടിക്കിടക്കുന്ന വയലുകളും കുഴികളും മണ്ണിട്ട്‌ നിരത്താതെ നോക്കുക. പ്രകൃതിയോടു നമ്മള്‍ ചെയ്ത ചൂഷണങ്ങള്‍ക്ക് ഇങ്ങിനെ പ്രായശ്ചിത്തം ചെയ്യുക. പ്രകൃതിയോടും ഇതര ജീവജാലങ്ങളോടും നന്മ പുലര്‍ത്തിയാൽ നരജന്മം പാതി കര്‍മ്മഫലം എന്ന് ഉപനിഷത്തുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
നമസ്ക്കാരത്തിനു അംഗശുദ്ധിക്കായാലും, അത് ഒഴുകുന്ന വെള്ളത്തില്‍ നിന്നാണെങ്കില്‍പോലും മിതത്വം പാലിക്കണമെന്ന പ്രവാചകവചനം നമ്മൾ ഓര്‍ക്കേണ്ട തുണ്ട്. ദൈവവിശ്വാസിക്ക് നാളെ പരലോക വിചാരണയിൽ ഭൂമിയിൽ വ്യയംചെയ്ത സമ്പത്തിന്റെയും പ്രകൃതിവിഭവത്തിന്റെയും  കാര്യത്തിൽ കണക്കുകൾ നിരത്തേണ്ടിവരുമെന്ന് ഓര്‍ക്കണം. മനുഷ്യന്‍ മാത്രമല്ല ഇതരജീവജാലങ്ങളും വെള്ളത്തിന്റെയും വായുവിന്റെയും അവകാശികാളാണ് എന്ന് മറക്കരുത്.  
നിങ്ങള്‍ സമ്പാദിച്ചുവെക്കുന്ന ധനവും സ്വര്‍ണ്ണവും മണ്ണുമല്ല,  ജീവന്‍ നിലനിര്‍ത്താനുള്ള അടിസ്ഥാന ഘടകമാണ് നിങ്ങൾ അടുത്ത തലമുറയ്ക്ക് ആദ്യം കരുതിവക്കേണ്ടത് എന്ന് ഓര്‍ക്കുക.വെള്ളവും വായുവും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ധര്‍മ്മമാണ്. ഇപ്പോള്‍ തന്നെ കരുതലുകൾ എടുക്കുക. വരും വേനലെങ്കിലും നമുക്ക് ഇത്തിരി ആശ്വാസമാകട്ടെ.    ഓര്‍ക്കുക, ഇനിയും ഭൂമുഖത്ത് ഒരു മഹായുദ്ധം ഉണ്ടാവുമെങ്കില്‍ അത് ജലത്തിന് വേണ്ടി മാത്രമായിരിക്കും.... ജീവജലത്തിനുവേണ്ടി.
 

കുളം വറ്റിയാൽ കിണർ വറ്റും !
                                      - നാസർ പുഴക്കൽ

വേനൽ കനത്തു. തീർത്തുപെയ്യാത്ത കാലവർഷത്തെ പഴിച്ച് നമ്മുടെ ചുറ്റുവട്ടങ്ങളിലെ കിണ റുകളെല്ലാം ഇത്തവണ നേരത്തെ വറ്റി. കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയിൽ നാട്ടുകാർ നട്ടം തിരിയുകയാണ്. പാലക്കാടൻഗ്രാമങ്ങളിലും വാർത്താ ചാനലുകളിലും മാത്രം കണ്ടുപരിചയമുള്ള കുടിവെള്ള ത്തിനായുള്ള ബക്കറ്റുകളുടെ നിര നമ്മുടെ വീട്ടുപടിക്കൽ വരെയെത്തി. ഭാരതപ്പുഴയും ചെറിയപരപ്പൂർകായലും ഉൾപ്പെടെ നിരവധി ജലസ്രോതസ്സുകളാൽ ചുറ്റപ്പെട്ടു കിടന്നിട്ടും ഓരോവർഷം കഴിയുന്തോറും നമ്മുടെ പ്രദേശത്തെ ജലദൗർബല്യം ഏറിവരികയാണ്. ഇത്തരമൊരു പ്രദേശത്ത് എന്തുകൊണ്ട് കിണറുകൾ വറ്റി പ്പോകുന്നുവെന്ന് നാം ചിന്തിക്കുന്നുപോലുമില്ല. വെള്ള ത്തിന്റെ ലഭ്യതയെ കുറിച്ചും ഉപയോഗത്തെ കുറിച്ചും നമ്മളാരും ഒട്ടും ബോധവാന്മാരുമല്ല. നമ്മുടെ ചെറുതും വലുതുമായ ജലസ്രോതസ്സുകളിൽ വേനൽകാലത്തും വെള്ളം നിലനിർത്താൻ കഴിഞ്ഞാൽ ഒരുപരിധിവരെ നമ്മുടെ കിണറുകൾ വറ്റുന്നത് തടയാൻ കഴിയും. സമീപഭാവിയിൽ ഒരിത്തിരിയെങ്കിലും വെള്ളം നമ്മുടെ കിണറുകളിൽ ബാക്കിയാവാൻ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
ഭാരതപ്പുഴ
     അങ്ങാടിയുടെ തെക്ക്ഭാഗത്തുകൂടി ഭാരതപ്പുഴ പൊന്നാ നിയിലേക്ക് കടലു തേടി ഒഴുകുന്നു. ഈ നിളയാണ് നമ്മുടെ ഏറ്റവും വലിയ ജലസ്രോതസ്സ്.നിളയിലെ ജലത്തിന്റെ തോതനുസരിച്ചണ് കായലും കുളങ്ങളും കിണറുകളുമെല്ലാം നിറയുന്നതും വരളുന്നതും. അതിരുവിട്ട മണലെടുപ്പിന്റെ അനന്തരഫലമാണ് വേനലാവും മുമ്പ് പുഴ വറ്റിവരണ്ടു പോകുന്നത്.ചമ്രവട്ടം  റഗുലേറ്റർ കംബ്രിഡ്ജി ന്റെ വരവോടെ പുഴയിൽ വെള്ളം നിൽക്കുന്നുണ്ടെങ്കിലും തടയണയുടെ ചോർച്ച വൻതോതിൽ വെള്ളം നിലനിർത്താൻ കഴിയാതെ പോയി. ചോർച്ച പരിഹരിക്കാൻ കഴി‍ഞ്ഞാൽ വേനലിലും നിള നിറയും. അത് നമ്മുടെ ചെറുകിട ജലസ്രോതസ്സുകളെ സമ്പുഷ്ടമാക്കും.
ചെറിയപരപ്പുർകായൽ
      ബീരാഞ്ചിറ അങ്ങാടിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ചെറിയപരപ്പുർകായലും അതിനെ ചുറ്റിയുള്ള വിശാലമായ പാടവുമാണ് മറ്റൊരു ജലസ്രോതസ്സ്. ചതുപ്പ്നിലമായ ഈ പ്രദേശം മഴക്കാലത്ത് പൂർണ്ണമായും വെള്ളത്താൽ നിറഞ്ഞുകിടക്കും.കായൽമീനുകൾക്ക് പേരുകേട്ട ഇടമാണെങ്കിലും സമീപകാലങ്ങളിലെ വരൾ ച്ചയുടെ പശ്ചാത്തലത്തിൽ  കായൽ വറ്റിച്ചുള്ള
മീൻപിടുത്തം ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. നാട്ടുകാരുടെ ശ്രമഫലമായി പുഴയിൽ നിന്നും കനാൽ വഴിയും മറ്റും വേനൽകാലത്ത് കായലിലേക്ക് വെള്ള മടിക്കുന്നതു കൊണ്ട് ഇതൊരു ജലസ്രേതസ്സായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതുകൊണ്ട്തന്നെ കായലിന്റെ സമീപങ്ങളിൽ താമസിക്കുന്നവരെ ഇത്തവ ണത്തെ കടുത്തവേനൽ ഒട്ടും ബാധിച്ചിട്ടില്ല. പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ പുഴയിൽ നിന്നും കായലിലേക്ക് വെള്ളമെത്തിക്കാനുള്ള കുറേക്കൂടി ശാസ്ത്രീ യമായ സ്ഥിരം സംവീധാനം ഉണ്ടാകേണ്ടിയിരിക്കുന്നു.

ബീരാഞ്ചിറക്കുളം  
       അങ്ങാടിയുടെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബീരാഞ്ചിറക്കുളമാണ് മറ്റൊരു ജലകേന്ദ്രം. സമീപത്തെ വയലുകളെല്ലാം ഏറേക്കുറേ തൂർത്തുകഴിഞ്ഞു. കുളം വറ്റിയാൽ കിണർ വറ്റും എന്ന ചൊല്ല് സത്യസന്ധമാണെന്ന് അറിയാവുന്നവരാണ് ഇവിടുത്തുകാർ. കഴിഞ്ഞകാലങ്ങളിലെ കഠിനമായ വരൾച്ചയുടെ അനുഭവപാഠമായാണ് ഇപ്പോൾ കുളം വേനലിലും നിലനിൽക്കുന്നത്. പുഴയിൽ നിന്നും കുളത്തിലേക്ക് വെള്ളമടിക്കുന്നതുകൊണ്ട് സമീപത്തെ കിണറുകൾ വരളാതെ പിടിച്ചു നിൽക്കുന്നു.
ബങ്കൊളം
     അങ്ങാടിയുടെ വടക്കുഭാഗത്ത്, കൊടക്കൽ സ്കൂളിന്റെ താഴത്തായി സ്ഥിതിചെയ്യുന്ന ബങ്കൊളവും സമീപ പാടവുമാണ് മറ്റൊരു കേന്ദ്രം. കൊടക്കൽ സ്കൂൾ തൊട്ട് പി.കെ.പടി വരെയുള്ള ഈ പ്രദേശമാണ് കുടിവെള്ളത്തിന്റെ ദൗർലഭ്യം ഏറ്റവും അനുഭവിക്കുന്നത്. എന്നാൽ കാല വർഷം കഴിഞ്ഞാൽ ഈ ജലകേന്ദ്രത്തിൽ ഒരുതുള്ളി വെള്ളം പോലും നിലനിർ ത്താനാവാത്തതാണ് ഈ മേഖലയിലെ വരൾച്ചയുടെ അടിസ്ഥാനം. പുഴയിൽ നിന്നും ബങ്കൊളത്തിലേക്ക് വെള്ളമെത്തിക്കാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഇവിടുത്തെ വരൾച്ചക്ക് പരിഹാരം കാണാൻ പുഴയിൽ നിന്നും വെള്ളമെത്തി ക്കുകയല്ലാതെ വഴിയില്ല. അതിന് നാട്ടുകാരുടേയും തിരുന്നാവായ പഞ്ചായത്ത് അധികൃതരുടേയും ഇടപെടൽ കൂടിയേതീരൂ.
ഇടിയാട്ടിപ്പാടം
     ബീരാഞ്ചിറ തെക്ക്-കിഴക്ക് ഭാഗത്തെ തണ്ണീർ ത്തടമാണ് ഇടിയാട്ടിപ്പാടം. നാട്ടുകാരുടെയും അധികൃ തരുടേയും ശ്രമഫലമായി കനാൽവഴി ഇടിയാട്ടി പാടത്തേക്ക് വെള്ളമെത്തിക്കുന്നത് കൊണ്ട് കമ്മുക്ക് മേഖല വരൾച്ചയിൽ നിന്നും രക്ഷനേടിയിട്ടുണ്ട്.

പറക്കോടിപ്പാടം
     അങ്ങാടിയുടെ കിഴക്കുഭാഗത്തെ പാടമാണ് പറക്കോടിപ്പാടം. പാടത്തേക്ക് തുറക്കുന്ന ജലകേന്ദ്രമായ പാറക്കുളം ഇന്ന് അന്യാധീനപ്പെട്ടുകഴിഞ്ഞു. കൃഷിയെ ബാധിക്കാത്ത വിധത്തിൽ പാറക്കോടിപ്പാടത്തെ ജല സ്രോതസ്സാക്കി മാറ്റാൻ കഴിഞ്ഞാൽ പി.കെ.പടി, കൊടക്കൽ, ആയത്തൊളം മേഖലകളിലെ രൂക്ഷമായ വരൾച്ചയെ മറികടക്കാൻ കഴിയും. പുഴയോട് ചേർന്നു കിടക്കുന്ന പാടമായതിനാൽ ഇവിടേക്ക് വെള്ളമെ ത്തിക്കാൻ വലിയ തടസ്സങ്ങൾ ഉണ്ടാവില്ല.
     ഭാരതപ്പുഴ എന്ന ജലകേന്ദ്രത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി ചെറുകിട ജലസ്രോതസ്സുകളായ കുളങ്ങളും പാടങ്ങളും കായലുമെല്ലാം തണ്ണീർത്തടമാക്കി നിലനിർത്താൻ കഴിഞ്ഞാൽ ബീരാഞ്ചിറയിലെയും സമീപത്തെയും കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ കഴിയും.

                                          -----------------------------------------------------------------------


സ: ഒ.മുഹമ്മദാലി സ്മാരക വായനശാല
     ബീരാഞ്ചിറ, പി.ഒ. കൊടക്കൽ 676108
Ph.9496363208, 9946119858 

കൂട്ടായ്മ
സാബു പി, ഷെഫീഖ് ഒ, നാസർ പുഴക്കൽ, അസ്ക്കർ കെ.പി, അഫ് സൽ കെ.സി, അലിക്കുട്ടി ബീരാഞ്ചിറ, ബാദുഷ
രക്ഷാധികാരികൾ
വി.പി.എസ്,ഉണ്ണിപൂളക്കൽ, യൂസഫ് സി.കെ.റസാഖ്
ഒരുക്കൂട്ടിയതും അടുക്കിവെച്ചതും
                                                                     അലിക്കുട്ടി ബീരാഞ്ചിറ
----------------------------------------------------------------------------------------------------------------------------------------------
ഈ ലക്കം സ്പോൺസർ ചെയ്തത്